ഒരു സൈക്കിള്‍ മാത്രം | കഥ

11.24.2008

" മോനേ എണീക്ക്, അഞ്ചരയായി "

" അമ്മേ, ഒരു 5 മിനുട്ട് ", പുതപ്പ് തലയിലുടെ വലിച്ചിട്ട് മനീഷ് തിരിഞ്ഞു കിടന്നു.

" എടാ ചെറുക്കാ, അഞ്ചെമുക്കാലയി. ഇന്നും നിനക്കു കേള്ക്കാം, ആ പത്രോസിന്റെ വായിലിരിക്കുന്നതൊക്കെ. "

അമ്മ പറഞ്ഞു തീരുന്നതിനു മുന്പേ, മനീഷ് ചാടി എഴുനേറ്റു. രാവിലെ പത്രോസ് ചേട്ടന്റെ വഴക്ക് കേക്കാന്‍ വയ്യ. അമ്മ കാട്ടാന്‍ കാപി ഉണ്ടാക്കി കൊണ്ടു വന്നപ്പോളേക്കും, അവന്‍ തയ്യാറായി , മുറ്റത്ത്‌ കിടക്കുന്ന, സൈക്കിളിനടുത് എത്തി.

"ഈ കാപി കുടിചേച്ചു പോടാ കൊച്ചെ ", അമ്മ വിളിച്ചു പറഞ്ഞു.

"ഓ, ഞാന്‍ പല്ലു തേച്ചില്ല, അമ്മ കുടിച്ചോ", മനീഷ് സൈക്കിള്‍ പറത്തി വിട്ടു.


മനീഷ്, ആശാരി കരുണന്റെ മകന്‍. പള്ളിക്കലെ സ്കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു. കരുണന് വല്ലപ്പോഴുമോക്കെയാണു പണി കിട്ടുന്നത്. അടുതെവിടെയെന്കിലും, മരപ്പണി ഉണ്ടെകില്‍ പോകും. 'നടുവിന്, ആകെകുടെ ഒരു പിടുത്തം', ആയതുകൊണ്ട്, ദുരെ പണിക്കൊന്നും പോവുന്നില്ല. അതുകൊണ്ട് എട്ടാം ക്ലാസ്സില്‍ കേറിയപ്പോ മുതല്‍ മനീഷ് രാവിലെ പത്രം ഇടാന്‍ പോവും. വീട്ടിലെ 'സ്ഥിര വരുമാനക്കാരന്‍' അവനാണ്‌.

'പത്രം പത്രോസ്‌' ചേട്ടന്‍, രാവിലെ, ആദ്യത്തെ, പൊന്‍കുന്നം - പാല വണ്ടി പള്ളിക്കല്‍ എത്തുമ്പോഴേ, അവിടെ കാണും. വണ്ടിക്കാര് ഇട്ടേച്ചു പോവുന്ന പത്രകെട്ടുകള്‍ പത്രോസ്‌ തരം തരിച്ചു വെക്കും, 'പത്രം ഇടാനുള്ള' പിള്ളാര്‌ വരുമ്ബൊത്തെക്കും.


"വേറെ പിള്ളേരെ കിട്ടാഞ്ഞിട്ടല്ല, നിന്നെ നിര്‍ത്തിയെക്കുന്നെ", തലേ ദിവസം വൈകിചെന്നതിനു, പത്രോസ് ചേട്ടന്‍ പറഞ്ഞ വാചകം, മനസ്സില്‍ തട്ടിയതുകൊണ്ടാണ്, മനീഷിന്നു പല്ലും തേക്കാതെ, കാപ്പീം കുടിക്കാതെ വീട്ടീന്ന് ധൃതിയില്‍ പോന്നത്.


"കൂരാലിക്കു പോവുന്ന ടോമി ഇന്നില്ല, അവന് പനിയാ, അതുകൊണ്ട്, നീ ത്രിവേണി കവലയിലെ കുറച്ചു പത്രവും കൂടെ ഇടണം" , മനീഷിന്റെ സൈക്കിളിന്റെ പുറകില്‍ പത്രകെട്ടു, എടുത്തു വെക്കുന്നതിനിടയില്‍, പത്രോസ് ചേട്ടന്‍ പറഞ്ഞു. ഏതൊക്കെ വീടുകളില്‍ ആണെന്ന് കേട്ട ശേഷം, മനീഷ് വണ്ടി വിട്ടു.


ത്രിവേണി കവലയിലെക്കുള്ള ഇറക്കം ഇറങ്ങുന്നതിനിടെ മനീഷ് ഓര്ത്തു , " ഇങ്ങോട്ടൊക്കെ വന്നിട്ട്, കുറച്ചായി. വയലുന്കലെ, കള്ളു ഷാപ്പ് മാറ്റി, കുഞ്ഞനിയന്‍ ചേട്ടന്‍ പലചരക്ക് കട തുടങ്ങിയേപ്പിന്നെ, ഇതുവഴി വരവ് കുറവാ. മുന്‍ബ്, അച്ഛന്‍ പണീം കഴിഞ്ഞു അവിടെങ്ങാനും ഇരുപ്പാണോ, എന്ന് നോക്കാന്‍ അമ്മ പറഞ്ഞു വിടാറുന്ടായിരുന്നു".


ഇറക്കം ഇറങ്ങി വളവു തിരിയാന്‍ നേരത്ത് ബ്രേക്ക് പിടിച്ചപ്പോഴാണ്, മനീഷിനു മനസിലായത്, ബ്രേക്ക് ഒട്ടുമില്ല. " ഓ , പാട്ട സൈക്കിള്‍", അവന്‍ മനസ്സില്‍ പറഞ്ഞു. സൈക്കിള്‍ റിപ്പയറിങ്ങ് ചെയ്യുന്ന മണി ചേട്ടനെ സോപ്പിട്ടു ഒപ്പിച്ചാണ് ഈ സൈക്കിള്‍. അല്ലെങ്കില്‍ രാവിലെ നടന്നു നടന്നു ഒരു വഴിക്കാകും.


ഓരോ വീടിനും മുന്നില്‍ സൈക്കിള്‍ നിര്ത്തി, പത്രം ചുരുട്ടി ഒരു റോള്‍ ആക്കി അവന്‍ വീശി ഏറിയും. ഗെറ്റ് ഉള്ള വീട് ആണെന്കില്‍, ഗേറ്റിന്റെ കംബിക്കിടയില്‍ റോള്‍ തിരുകി വെക്കും.മുറ്റത്ത്‌ ആരെങ്കിലും നില്‍്പ്പുന്ടെന്കില്, അവരോട് കുശലാന്വേഷണവും ഉണ്ട്.


പനമറ്റം സ്കൂളിലെ സാറിന്റെ വീട്ടിലെ ഗേറ്റില്‍ പത്രം തിരുകി വെക്കുന്നതിനിടെ, മനീഷ് കണ്ടു, 'ഒരു കിടു സൈക്കിള്‍', പോര്‍ച്ചില്‍ ഇരിക്കുന്നു. കുറച്ചു നേരം അവന്‍ നോക്കി നിന്നു, 'ATLAS MOON RAKER' , "കലിപ്പ് പേര്".


വീട്ടിലേക്ക് തിരിച്ചു പോവന്ന വഴി ആ സ്റ്റൈലന്‍ പേര് വീണ്ടും വീണ്ടും പറഞ്ഞ്, മനീഷ് മനസ്സില്‍ ഉറപ്പിച്ചു.


സ്കൂളില്‍ ടീച്ചര്മാര് പഠിപ്പിക്കുന്നതോന്നും അവന് ശ്രദ്ധിക്കാന്‍ പറ്റിയില്ല. അവസാനം, സഹികെട്ട്, ഉറ്റ ചങ്ങാതി തോമസിനോട് കാര്യം പറഞ്ഞു, " എടാ, ഇന്നു പത്രം ഇടാന്‍ പോയൊരു വീട്ടില്‍ ഒരു തകര്‍പ്പന്‍ സൈക്കിള്‍ കണ്ടു". കണക്കിന്റെ, വരയിടാത്ത നോട്ടുബുക്കില്‍ അവന്‍ ആ സൈക്കിള്‍ വരച്ചു വെച്ചു. വൈകുന്നേരം സ്കൂളില്‍ നിന്നു തിരിച്ചു വരുമ്പോ, സെമിത്തേരിയുടെ പുറകിലുടെയുള്ള സ്ഥിരം വഴിക്ക് പോവണ്ട എന്ന് മനീഷ് തീരുമാനിച്ചു. പകരം അവന്‍ കൂരാലിക്കു വെച്ചു പിടിച്ചു.


കവലയിലുള്ള അന്തോണി ചേട്ടന്റെ ചായ കടയിലെ റേഡിയോ പാടുന്നു, "ഓര്മ തന്‍ വാസന്ത നന്ദന തോപ്പില്‍ ഒരു പുഷ്പം മാത്രം". മനീഷ് മനസ്സില്‍ പാടി, "ഓര്മ തന്‍ വാസന്ത നന്ദന തോപ്പില്‍ ഒരു സൈക്കിള്‍ മാത്രം, ഒരു സൈക്കിള്‍ മാത്രം..!".

സൈക്കിള്‍ കണ്ട വീടിന്റെ ഗേറ്റില്‍ ചെന്നു നിന്നു, അവന്‍ ഒന്നും കൂടി ആ സൈക്കിള്‍ കണ്‍ നിറയെ കണ്ടു. "ആരാ", സാറിന്റെ ഭാര്യ അപ്പോതെക്കും വരാന്തയില്‍ എത്തിയിരുന്നു. ഞെട്ടി പോയെന്കിലും, മനീഷ് പെട്ടന്ന് പറഞ്ഞു, "ചേച്ചി, കുറച്ചു വെള്ളം തരാമോ? ".


വെള്ളം കുടിക്കുന്നതിനിടെ അവന്റെ കണ്ണുകള്‍ അറിയാതെ സൈക്കിളിലേക്ക് നീണ്ടു. "നീ എവിടത്തെയാ കൊച്ചെ?", ആ ചേച്ചി ചോദിച്ചു. എന്തുകൊണ്ടോ മനീഷിനു അപ്പൊ കള്ളം പറയാനാണ് തോന്നിയത്.

അന്ന് രാത്രി അവനൊരു സ്വപ്നം കണ്ടു, തന്റെ പ്രിയപ്പെട്ട സൈക്കിളില്‍ പള്ളിക്കല്‍ കവലയില്‍ നിന്നുമുള്ള ഇറക്കം ഇറങ്ങി പറന്നു വരുന്നു, 'മനീഷ്'. അടുത്ത ദിവസം, രാവിലെ അവന്‍ വീണ്ടും ആ വീടിനു മുന്നില്‍ ചെന്നു നിന്നു, 'അതുപോലൊരു സൈക്കിള്‍ എനിക്കും വേണം', മനീഷിന്റെ ആഗ്രഹം, കവലയില്‍ നിന്നുള്ള ഇറക്കം ഇറങ്ങുന്നതിനെക്കാള്‍ വേഗത്തില്‍ പറക്കുകയായിരുന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ മനീഷ് മനസ്സിലാക്കി, ആ വീട്ടില്‍ രാവിലെ അവന്‍ സ്കൂളില്‍ പോവുന്ന സമയത്തു ആരുമില്ല. സൈക്കിള്‍ ഇയിടെയായി കാര്‍ പോര്‍ച്ചില്‍ അല്ല, മുറ്റത്തുള്ള ഷെഡിനടുത്തണ് വെച്ചിരിക്കുന്നത്‌.


അടുത്ത ദിവസം മനീഷ് തന്റെ 'പാട്ട' സൈക്കിളം കൊണ്ടാണ് , വീട്ടില്‍നിന്നു സ്കൂളിലേക്ക് തിരിച്ചത്. അവന്‍ ആരും കാണാതെ, തന്റെ സൈക്കിള്‍ ആ ഷെഡിന്റെ സൈഡില്‍ ചാരി വെച്ചിട്ട്, 'മൂണ്‍ റേക്കാരും' കൊണ്ട് അവിടെ നിന്നു കടന്നു. അന്ന് സ്കൂളില്‍ മനീഷ് ഒരു ഹീറോ ആയി. അവന്റെ സൈക്കിള്‍ കാണാനും ഒന്നു ഓടിച്ചു നോക്കാനും, മറ്റു ക്ലാസ്സിലെ കുട്ടികള്‍ പോലും വന്നു. ഒരു ദിവസം കൊണ്ട് മനീഷിനു പുതിയ കൂട്ടുകരുണ്ടായി. പക്ഷെ, അവന്റെ ചങ്ങാതി തോമസ് മാത്രം , സംശയത്തോടെ ചോദിച്ചു, " നിനക്കു എങ്ങനെ കിട്ടി ഈ സൈക്കിള്‍, സത്യം പറ". തോമസിന്റെ ചോദ്യം മനീഷ് കേട്ടില്ലെന്നു വെച്ചു. 'പട്ടാളക്കാരന്‍ അമ്മാവന്‍ കൊണ്ടു വന്ന സൈക്കിള്‍' എന്ന് എല്ലാവരോടും മനീഷ് പറഞ്ഞതു, തോമസിന് വിശ്വസിക്കാന്‍ പറ്റിയില്ല.


"എവിടെന്നാട നിനക്കൊരു പുതിയ സൈക്കിള്? വല്ലടതൂന്നും മോട്ടിച്ചതാണോ? ", പത്രോസ് ചേട്ടന്റെ ചോദ്യം കേട്ട് മനീഷ് ഞെട്ടി പോയി. അതുവരെ താന്‍ ചെയ്തതൊരു മോഷണം ആണെന്ന് അവന് തോന്നിയിട്ടില്ലരുന്നു. തന്റെ സൈക്കിള്‍ അവിടെ വെച്ചിട്ടാണല്ലോ, ഈ സൈക്കിള്‍ എടുത്തത്‌, എവിടെയും എത്താത്ത ഒരു ന്യായീകരണം മനീഷിന്റെ മനസ്സില്‍ ആശ്വാസം പകര്ന്നു.

പത്രം ഇട്ടിട്ട് തരിച്ച് വീട്ടില്‍ എത്തിയപ്പോള്‍, വരാന്തയില്‍, നാട്ടിലെ അറിയപ്പെടുന്ന പോലിസായ, കൊണ്‍്സ്ടബിള്‍്, 'പൊലീസ് മത്തായി', യും, മറ്റു രണ്ടു പേരും, മനീഷിന്റെ അച്ഛനും ഇരുപ്പുണ്ടായിരുന്നു. മനീഷിന്റെ അച്ഛന്‍ മുറ്റത്തേക്കിറങ്ങി വന്നു, അവനോടു ചോദിച്ചു, "ആരുടെ സൈക്കിള്‍ ആ ഇതെന്ന നീ പറഞ്ഞെ?".

" ഒരു കൂട്ടുകാരന്റെ", മനീഷ് പറഞ്ഞു.
ഒരു കൂട്ടുകാരന്റെ സൈക്കിള്‍ ആണെന്നാണ് മനീഷ് വീട്ടില്‍ പറഞ്ഞിരുന്നത്.


"ആ ഇരിക്കുന്ന പയ്യനെ നിനക്കറിയാമോ ?", അച്ഛന്‍ വീണ്ടും ചോദിച്ചു.
"ഇല്ല ആആആആആആആആ ", മനീഷ് പറഞ്ഞു തീരുന്നതിനു മുന്നേ അവന്റെ ചെവിയില്‍, അച്ഛന്‍ പിടി മുറുക്കിയിരുന്നു.

"മോഷ്ടിച്ചതും പോരാഞ്ഞിട്ട് കള്ളം പറയുന്നോടാ അസത്തെ !", മനീഷിന്റെ അച്ഛന്‍ ദേഷ്യം കൊണ്ട് വിറച്ചു.

ഇടവഴിയിലുടെ കയറ്റി കൊണ്ടു പോകാന്‍ ബുദ്ധിമുട്ടായതു കൊണ്ട്ട് , സാറിന്റെ വീടിന്റെ പുറകിലത്തെ വീടിലെ സൈക്കിള്‍, സാറിന്റെ വീട്ടില്‍ വെച്ചിരുന്നതാണ്. പത്രോസ് ചേട്ടനാണ് സൈക്കിള്‍ അന്വേഷിച്ചു നടന്നിരുന്ന അവര്ക്കു മനീഷ് പുതിയ സൈക്കിളൂം കൊണ്ടു വന്ന കാര്യം പറഞ്ഞു കൊടുത്തത്.

പത്രം ഇടാന്‍ വരന്ടെന്നു പത്രോസ് ചേട്ടന്‍ അവനോടു പറഞ്ഞു. സ്കൂളിലെ കൂട്ടുകാര്‍ അവനെ 'സൈക്കിള്‍ കള്ളന്‍' എന്ന് വിളിച്ചു.

താന്‍ ചെയ്ത തെറ്റ് മനീഷ് തിരിച്ചറിഞ്ഞപ്പോഴേക്കും, അതിന്റെ പ്രത്യഘതങ്ങളുടെ ചുഴിയില്‍ അവനും കുടുംബവും അകപ്പെട്ടു കഴിഞ്ഞിരുന്നു.

പുതിയ പേരിന്റെ ഭാരം, ജീവിതകാലം മുഴുവന്‍ അവന്‍ ചുമക്കേണ്ടി വരുമോ?പഴം പൊരി : ഒരു പേടി സ്വപ്നം !

11.18.2008

" മഴ മഴ ...കുട കുട,
മഴ വന്നാല്‍ സെന്‍റ് ജോജ് കുട !"

അതെ, ഇതു 'മഴ വന്നാല്‍ പോപ്പിയും ജോണ്‍സും' കുട ഉണ്ടാവുന്നതിനുള്ള മുന്പുള്ള സംഭവമാണ്.

നാല് വയസുകാരി ശാന്തിയും ചിങ്കുവും നര്സറിയില്‍് നിന്നു തിരിച്ചു വരുകയാണ്, വൈകുന്നേരം. എന്നത്തേയും പോലെ അകമ്പടിയായി അമ്മയുമുണ്ട്.

ചെറിയ ചാറ്റല്‍ മഴ ഉള്ളതുകൊന്ട് ഞങ്ങള്‍ രണ്ടു പേരും നിറയെ പൂക്കള്‍ ഉള്ള കുടയോക്കെ പിടിച്ചു, ആടി പാടി, ഓടിയും ചാടിയും , പുറകെ ഞങ്ങടെ ബാഗ്/വാട്ട ബോട്ടി (വാട്ടര്‍ ബോട്ടിലിന് അന്ന് അങ്ങനാരുന്നു പേരു! ) ഒക്കെ പിടിച്ച് അമ്മയും നടക്കും. ഈ കാഴ്ച കണ്ട് പലരും വിചാരിച്ചു ഞാനും ചിങ്കുവും അമ്മേടെ മക്കള്‍ ആണെന്ന്. ചോദിക്കുന്നവര്‍ക്കൊക്കെ, ഞങ്ങള്‍ തിരുത്തികൊടുക്കും, "ചിങ്കു ഉമ്മിടെം ബാവേടെം മോളാ", എന്ന്.

യുനിവേഴ്സിറ്റി കാമ്പസില്‍, അടുത്തടുത്ത ക്വൊട്ടെര്സുകളിലാണ്, ഞങ്ങള്‍ താമസിച്ചിരുന്നത്‌. വീടിന്റെ, വരാന്തയില്‍ അരഭിത്തിയില്‍, അള്ളി പിടിച്ചു നില്ക്കാന്‍ തുടങ്ങിയപ്പോ മുതലേ ഞങ്ങള്‍ കൂട്ടുകാരാണ്. പുതുതായി മുളച്ച രണ്ടേ രണ്ടു പല്ലു കൊണ്ട്ട്, അരഭിത്തിയുടെ മുകളിലുള്ള, മരത്തിന്റെ ഫ്രേമില്‍ കടിച്ചു പെയിന്റ് തിന്നുക എന്നത്, ഞങ്ങളുടെ ഹോബ്ബി ആയിരുന്നു എന്നാണ് കെട്ടു കേള്‍വി!

എനിക്ക് ഉമ്മി ഉണ്ടാക്കിയ പത്തിരി/നെയ്ച്ചൊരു, പിന്നെ വല്ലപ്പോഴും കുപ്പി ഗ്ലാസില്‍ കലക്കി തരുന്ന 'മഞ്ഞ തണുത്ത വെള്ളം' അഥവാ 'ക്വാഷ്' , ഇതൊക്കെ ഒത്തിരി ഇഷ്ടം. ചിന്കൂനു, അമ്മ ഉണ്ടാക്കുന്ന ദോശ, ഇഡലി, പുട്ട് ഒക്കെ മതി. "ചിന്കൂനു മോട്ടയുണ്ടല്ലോ", എന്നുള്ള എന്റെ സ്ഥിരം പല്ലവി കെട്ട് മടുത്ത് പക്കാ വെജിറ്റേറിയന്‍് ആയ അമ്മയും അച്ഛനും വീട്ടില്‍ മൊട്ട ഒമ്ലെറ്റ്/പുഴുങ്ങിയത്‌ ഒക്കെ ഉണ്ടാക്കാന്‍ തീരുമാനിച്ചു!

കഞ്ഞീം കറീം വെച്ചു കളിക്കുന്നതയിരുന്നു, ഞങ്ങളുടെ മെയിന്‍ കളി. ശീമ കൊന്നയുടെ കമ്പോക്കെ ഒടിച്ച്, കെട്ടി, അമ്മേടെ ഒരു പഴയ സാരി അതിന്റെ മുകളിലിട്ട് ടെന്റ് ഉണ്ടാക്കുക, വീടിനു മുന്നില്‍ ക്രിക്കറ്റ് കളിക്കുന്ന ചേട്ടന്മാര്‍ക്ക്, ഫോറും സിക്സും ഒക്കെ അടിച്ച് കാണാതെ പോവുന്ന പന്ത്, മാവിന്‍ ചുവട്ടിലെ കുറ്റികാട്ടില്‍ കേറി തപ്പി തിരഞ്ഞു കൊടുക്കുക, ഒടിഞ്ഞു വീണു കിടക്കുന്ന മുരിങ്ങ മരത്തിന്റെ കൊമ്പില്‍ കേറി ഇരുന്നു സ്കൂടര്‍് ഓടിക്കുക( ആ കാലത്തു , അവിടെ ഒരാള്കെ സ്കൂടര്‍ ഉള്ളു, സ്കൂടര്‍ മാമന് !), അങ്ങനെ എണ്ണിയാല്‍ തീരാത്ത മറ്റു പല കളികള്‍.

മിക്കവാറും എല്ലാ കാര്യത്തിനും ഞങ്ങള്‍ ഒറ്റ കെട്ടാണ്. വളരെ അപൂരവമായി മാത്രം ഉണ്ടാവാറുള്ള പിണക്കങ്ങള്‍, വീടിനിടയില്‍ ഉള്ള മുറ്റം ഞങ്ങള്‍ ഭാഗം വെച്ചു തീര്‍ക്കും. മുറ്റത്തിനു നടുക്ക് ഒരു വര വരച്ച് "ഇത്രേം സ്ഥലം എന്റയാ", എന്ന് രണ്ടു പേരും അവകാശപെടും. പിന്നെ, "ഈ വരേടെ ഇപ്പുറത്തേക്ക് വന്നേക്കരുത്", എന്നൊരു ഭീഷണിയും. കുറച്ചു നേരം മിണ്ടാതിരുന്നു ബോര്‍ അടിക്കുമ്പോള്‍, ഞങ്ങള്‍ നേരത്തെ പിണങ്ങിയരുന്നോ എന്ന് , അമ്മയ്ക്കും ഉമ്മിക്കും സംശയം തോന്നും വിധം, വീണ്ടും ഞങ്ങള്‍ കൂട്ട് കൂടും.

അങ്ങനിരിക്കെ, ഉമ്മീം ബാവയും കാമ്പസിന് അല്പം ദൂരെയായി സ്ഥലം വാങ്ങിച്ച് വീടുപണി തുടങ്ങി. ഒരു ഞായര്‍ ആഴ്ച വൈകുന്നേരം, മുറ്റത്ത്‌ അരുണ്‍ ചേട്ടനും കൂടുകാരും ക്രിക്കറ്റ് കളിക്കുന്നു. ഞാനും ചിങ്കുവും, പന്ത് എടുത്തു കൊടുക്കാന്‍ നില്കുവാണ്. അമ്മേം ഉമ്മിയും, ചിന്കുന്റെ വീടിന്റെ സ്ടെപില് ഇരുന്നു വര്‍ത്തമാനം പറയുന്നു. അച്ഛനും ബാവയും ശശി മാമനും റോഡില്‍ നിന്നു എന്തോ സംസാരിക്കുന്നു.

"പഴം പൊരി ഉണ്ടാക്കി വെച്ചിട്ടുണ്ട്‌, എടുത്തു കഴിച്ചോ രണ്ടു പേരും", ഉമ്മി വിളിച്ചു പറഞ്ഞു. കേട്ട പാതി കേള്‍കാത്ത പാതി ഞങ്ങള്‍ ഓടി, അടുക്കളയിലേക്കു. കയ്യില്‍ പഴം പൊരിയും പിടിച്ച് പുറത്തേക്ക് ചാടിയിറങ്ങാന്‍ പോയപ്പോതെക്കും അമ്മ രണ്ടു പേരെയും പിടിച്ചു നിര്ത്തി. അതും തിന്നോണ്ട് കളിയ്ക്കാന്‍ പോവാന്‍ പറ്റില്ല. ധൃതിയില്‍ പഴം പൊരി വെട്ടി വിഴുങ്ങി ഞങ്ങള്‍ കളിയ്ക്കാന്‍ ഓടി.

കുറച്ചു കഴിഞ്ഞ, വാന്ച്ചു ചേട്ടന്‍ അടിച്ച പന്ത് പരന്നു, അടുക്കളയുടെ പുറകിലുള്ള പറമ്പില്‍ പോയി വീണു. അതെടുക്കാന്‍ ചെന്നപോഴാണ് പഴം പൊരിയുടെ കാര്യം പിന്നെ ഓര്‍ത്തത്‌. എന്നോട് പന്ത് എറിഞ്ഞു കൊടുക്കാന്‍ പറഞ്ഞു, ചിങ്കു പറമ്ബിലുടെ, അടുക്കളയിലേക്ക് ഓടി. ഞാന്‍ പന്ത് എറിഞ്ഞു കൊടുത്ത്, മുന്ബിലെ വാതിലിലുടെ, അടുക്കളയിലേക്കു ഒടുന്നതിനിടക്കു ചിങ്കുന്റെ കരച്ചില്‍ കേട്ടു.

ചെന്നു നോക്കിയപ്പോ, ഒരു വല്യ ചെമ്പില് നിറയെ വെള്ളത്തില്‍ ചിങ്കു വീണു കിടക്കുന്നു. എഴുന്നെപ്പിക്കാന്‍ നോക്കീട്ട് എനിക്ക് പറ്റുന്നില്ല. "അമ്മേ, ഉമ്മി, ചിങ്കു വെള്ളത്തില്‍ വീണു", ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അപ്പോതെക്കും ഞങ്ങളുടെ കരച്ചില്‍ കേട്ട്, പുറതുണ്ടയിരുന്നവരെല്ലാം ഓടി വന്നു. ഉമ്മി ചിന്കുനെ എടുത്തു കൊണ്ടു പോയി ബെഡില്‍ കിടത്തി.

ചെമ്പില്‍ നിറയെ ചൂടു വെള്ളം ആയിരുന്നു, വീട് പണി നടക്കുന്ന സ്ഥലത്തു, പണിക്കാര്ക്കു കുടിക്കാന്‍ കൊണ്ടു പോവാന്‍ വേണ്ടി തിളപ്പിച്ച് വെച്ചത്. അടുക്കള കോലായില്‍, ആറാന്‍ വേണ്ടി വെച്ചിരിക്കുകയായിരുന്നു. ചിന്കുവിനു പൊള്ളിയിട്ടുണ്ടായിരുന്നു. ചിന്കുവിനെ ഹോസ്പിടലിലേക്ക് കൊണ്ടു പോയി.

ചിന്കുനു എന്തോ പറ്റി എന്നല്ലാതെ, എന്താ പറ്റിയത് എന്ന് എനിക്ക് മനസിലായിട്ടില്ലായിരുന്നു. മുറ്റത്ത്‌ നിന്നു കരഞ്ഞോന്ടിരുന്ന എന്നോട് അപ്പുറത്തെ വീട്ടിലെ ഷീബ ചേച്ചി ചോദിച്ചു, "ശാന്തി കുട്ടി ചിന്കുനെ തള്ളിയിട്ടോ ? ". ചോദ്യം കെട്ട് ഞാന്‍ ഞെട്ടി പോയി. "ഞാനൊന്നും ചെയ്തില്ലേ ..!!", എന്നും പറഞ്ഞു വല്യ വായില്‍ കരഞ്ഞു ഞാന്‍. ശശി മാമന്‍ വന്നു ആശ്വസിപ്പിച്ചു എന്നെ, "മോള് മുറ്റത്ത്‌ നില്കാരുന്നില്ലേ, ചേച്ചി വെറുതെ ചോദിച്ചതല്ലേ !".

പിന്നെ കുറെ ദിവസങ്ങള്‍ ചിങ്കു ആശുപത്രിയില്‍ ആയിരുന്നു. അമ്മയും ഉമ്മിയും ചിങ്കുന്റെ കൂടെത്തന്നെ എപ്പോഴും. ചിന്കുനെ കാണണമെന്ന് പറഞ്ഞു കരഞ്ഞു കരഞ്ഞു എനിക്ക് പനി പിടിച്ചു. എന്റെ നിര്‍ബന്ധം കാരണം, അച്ഛന്‍ എന്ന് കൊണ്ടു പോയി ആശുപത്രിയില്, ഒരു പ്രാവശ്യം. മരുന്നുകളുടെ ഗന്ധം നിറഞ്ഞ തീക്ഷ്ണമായ ആ രംഗം, ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു. ചിങ്കുന്റെ ശരീരത്തില് നിന്നും പൊള്ളല്‍ പാടുകള്‍ മാറാന്‍ കുറച്ചു വരഷങ്ങള്‍ വേണ്ടി വന്നു.

ഇന്നും പഴം പൊരി ഞങ്ങള്ക്ക് പ്രിയപ്പെട്ട പലഹാരം തന്നെ, എന്നാലും മനസ്സില്‍ നിന്നു മായ്ച്ചു കളയാന്‍ പറ്റാത്ത കുറച്ചു പൊള്ളല്‍ പാടുകള്‍ ബാക്കി.
 
നിലാവ് © 2008. Template by BloggerBuster.