അവള്‍ വീണ്ടുമെന്നെ പറ്റിച്ചു!

3.28.2009

2004 ലെ വേനല്‍ക്കാലം. എന്ജിനീയറിങ്ങ് പഠനം അവസാന സെമെസ്റ്ററിലെത്തിനില്ക്കുന്നു. പ്രൊജക്റ്റ്‌ ചെയ്യുവാനായി മിക്ക കുട്ടികളും ടെക്നോപാര്‍ക്കിലും, മറ്റു കമ്പനികളിലും ഒക്കെയാണ്. കോളേജില്‍ പ്രൊജക്റ്റ്‌ ചെയ്യാന്‍ ഞങ്ങള്‍ കുറച്ചു കുട്ടികളെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ, ഹോസ്റ്റലും മിക്കവാറും കാലിയായിരുന്നു.

ഏപ്രില്‍ ഒന്നാം തീയതി രാവിലെ എഴുന്നേറ്റപ്പോള്‍ മനസ്സിലൊരു ആശ്വാസം ഉണ്ടായിരുന്നത്, 'സുമി ഹോസ്റ്റലില്‍ ഇല്ലല്ലോ' എന്നുള്ളതാണ്. അവള്‍ പ്രൊജക്റ്റ്‌ ചെയ്യാന്‍ തിരുവനന്തപുരത്തു പോയിരിക്കുകയാണ്. 'സുമി' ആരാണെന്നോ! സഹപാഠിയാണ്, നല്ലൊരു കൂട്ടുകാരിയാണ്‌. ഒരൊറ്റ പ്രശ്നമേയുള്ളു, ഏപ്രില്‍ ഒന്നാം തീയതി, ലോക വിഡ്ഢി ദിനം അവള്‍ ആരെയെന്കിലും പറ്റിച്ച് ആഘോഷിച്ചിരിക്കും!

എന്ജിനീയറിങ്ങ് ആദ്യ വര്‍ഷം, ഇതേ ദിവസം, ഞാനും അന്ജുവും മോശമല്ലാത്ത രീതിയില്‍ വിഡ്ഡികളായതാണ്. അന്ന്‍, ഞങ്ങള്‍ ആദ്യവര്‍ഷക്കാരെല്ലാം, ഹോസ്റ്റലില്‍, ഒരു ഡോര്‍മെട്രിയില് ആയിരുന്നു താമസം. ഞായറാഴ്ച്ചയായിരുന്നതുകൊണ്ട്, ഞങ്ങള്‍ രണ്ടുപെരോഴികെ എല്ലാവരും രാവിലെ ആറരക്കേ പള്ളിയില്‍ പോയി. പത്രവും വായിച്ചു, രംഗോലിയും കണ്ട്, റീഡിംഗ് റൂമില്‍ ഇരിക്കുമ്പോത്തേക്കും, മെസ് ഹാളില്‍ ബ്രെക്ഫാസ്ടിനു ബെല്ലടിക്കും. അതാണ്‌ പതിവ്. പക്ഷെ, അന്ന് രാവിലെ കറന്റ് ഇല്ലാത്തതുകൊണ്ട് 'പത്രം' വായിക്കാന്‍ പോയില്ല.

അത്യാവശ്യം നല്ലപോലെ വിശന്നു തുടങ്ങിയപ്പോള്‍ ആണ് ഞങ്ങള്‍ സമയം ശ്രദ്ധിച്ചത്‌, എട്ടേകാല്‍ ആയിരിക്കുന്നു. രാവിലെ എഴേമുക്കാലിനു ബെല്ലടിക്കണ്ടതായിരുന്നു. ഞായറാഴ്ച്ചകളില്‍ ബ്രെക്ഫസ്റ്റിനു അപ്പവും സ്റ്റുവുമാണ്. എല്ലാവരുടെയും പ്ലേറ്റില്‍ പപ്പടവട്ടത്തിലുള്ള രണ്ടു അപ്പം വെച്ചിട്ടുണ്ടാവും, പിന്നെ കുറെയെണ്ണം, ഒരു വല്യ പാത്രത്തില്‍ ഹാള്ളിന്റെ നടുക്ക് വെച്ചിട്ടുണ്ടാവും. ബെല്ലടിച്ച ഉടനെ ഓടിച്ചെന്നു, ആ പാത്രത്തില്‍ നിന്നു കുറെ അപ്പം എടുത്തു, പള്ളിയില്‍ പോയിരിക്കുന്ന കൂട്ടുകാര്‍ക്കടക്കം എല്ലാവര്ക്കും ഈരണ്ടു അപ്പവും കൂടി എടുത്തുവെക്കുക എന്നുള്ളത് ഞങ്ങളുടെ ഉത്തരവാദിത്ത്വം ആണ്.

അരമണിക്കൂര്‍ വൈകിയിട്ടും ബെല്ലടിക്കാത്തന്താണെന്നു അന്വേഷിച്ചു, മെസ്സില്‍ ചെന്നപ്പോള്‍, അടുക്കളയിലെ രാധചേച്ചി അപ്പം വിളംമ്പുന്നതേ ഉള്ളു. ഇത്രയും വൈകിയതെന്താണെന്ന് ചോദിച്ചപ്പോള്‍ ചേച്ചിക്ക് അത്ഭുതം, "സമയം എഴേമുക്കാലാവുന്നല്ലെയുള്ളു". മെസ്സിലെ ക്ലോക്ക് ചാവാറായിരിക്കുകയാണെന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തി. മേട്രന്‍ വരുമ്പോള്‍ ക്ലോക്കില്‍ പുതിയ ബാറ്ററിയിടാന്‍ പറയണം എന്ന് രാധചേച്ചിയെ പറഞ്ഞേല്പ്പിച്ചു.

ഭക്ഷണമൊക്കെ കഴിച്ചു തിരിച്ചു ഡോറ്മെട്രിയില് എത്തി. സാധാരണ, ഒമ്പതരക്കു, പള്ളിയില്‍ നിന്നു തിരിച്ചെത്തുന്ന പിള്ളേരെല്ലാം അന്ന്, പത്ത് മണിയായി എത്താന്‍. "എന്തുപറ്റി വൈകിയത്, മണി പത്തായല്ലോ!", എന്ന് ഞാന്‍ പറഞ്ഞതും, ഒരു കൂട്ടചിരിയുയര്‍ന്നു. പിന്നെ, "ഫൂള്‍, ഫൂള്‍ , ഏപ്രില്‍ ഫൂള്‍" പാട്ടും!

അവിടെയുള്ള എല്ലാ ടൈംപീസിലേയും, വാച്ച്കളിലെയും സമയം അരമണിക്കൂര്‍ മുമ്പോട്ടാക്കി വെച്ചിട്ടാണ് സുമി പള്ളിയില്‍ പോയത്!
--------------------------------------------------------

സുമി ഹോസ്റ്റലില്‍ ഇല്ലല്ലോ എന്ന് ഞാന്‍ ആശ്വസിച്ചതിന്റെ കാര്യം പിടികിട്ടിയില്ലേ! പക്ഷെ അത് വെറുതെ ആയിരുന്നു. മെസ്സില്‍ നിന്നു ബ്രേക്ഫാസ്റ്റ് കഴിച്ചു റൂമിലേക്ക്‌ നടക്കുമ്പോള്‍, അതാ കയറി വരന്നു, സാക്ഷാല്‍ 'സുമി'. പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വന്നതാണത്രേ! എന്തായാലും, "എന്നെ പണ്ട് പറ്റിച്ചപോലെ ഇന്നും പറ്റിക്കില്ലല്ലോ അല്ലെ ", എന്ന് ലോഹ്യമൊക്കെ പറഞ്ഞ് ഞങ്ങള്‍ അവരരുടെ റൂമിലേക്ക്‌ പോയി.

സുമി വന്ന സ്ഥിതിക്ക് 'ജാഗ്രതൈ', എന്ന് എന്റെ മനസ്സു മന്ത്രിച്ചു. അതുകൊണ്ട്, ഞാന്റെ വാച്ചും, ടൈംപീസും അലമാരിയില്‍ വെച്ചു പൂട്ടി. അപ്പോഴേക്കും, വീട്ടിലുണ്ടാക്കിയ കേക്കുമായി, സുമി റൂമിലേക്കു വന്നു. പിന്നെ കുറെ നേരം വര്‍ത്തമാനം ഒക്കെ പറഞ്ഞിരുന്നതിനു ശേഷം, ഞാന്‍ കുളിക്കാന്‍ പോയി. എനിക്ക് ഒമ്പതെമുക്കലിനുള്ള ബസ്സില്‍ കോളേജില്‍ പോകണമായിരുന്നു. സുമി ഉച്ചക്കെ കോളേജില്‍ വരുന്നുള്ളൂ, എന്നും പറഞ്ഞു അവളുടെ റൂമിലേക്ക്‌ പോയി.

വര്‍ത്തമാനം പറഞ്ഞിരുന്നതുകൊണ്ട് സമയം പോയതറിഞ്ഞില്ല, റെഡിയായപ്പൊഴേക്കും, ഒമ്പതെമുക്കാലാവുന്നു. ഞാന്‍ ബസ്സ് സ്റ്റോപ്പിലേക്കൊടി. കുറച്ചു നേരം അവിടെ നിന്നപ്പോ മനസ്സിലായി, ബസ് പോയെന്ന്. ഇന്നീപ്പോ പത്തേകാലിനുള്ള ബസ്സില്‍ പോകാം എന്ന് വെച്ച്, അവിടെത്തന്നെ ഞാന്‍ നിന്നു. എന്റെ കൂടെ പ്രൊജക്റ്റ്‌ ചെയ്യുന്ന കുട്ടികള്‍, അടുത്ത സ്റ്റോപ്പില്‍ നിന്നും, ആ ബസ്സില്‍ കേറി പോയിക്കാണും. ഇന്നു ലാബില്‍ ചെല്ലുമ്പോ നല്ല ചീത്ത കേള്‍ക്കണ്ടിവരുമല്ലോ, എന്നൊക്കെയോര്‍ത്ത് നില്ക്കുമ്പൊളുണ്ട്, 'ഞാന്‍ പോയെന്ന് വിചാരിച്ച ഒമ്പതെമുക്കലിന്റെ ബസ്' വരുന്നു.

അടുത്ത സ്റ്റോപ്പില്‍നിന്നു, എന്റെ കൂട്ടുകാരും സാധാരണപോലെ ബസ്സില്‍ കയറി. എന്തോ പന്തികെടുണ്ടെന്നു മനസ്സിലായി, ഞാന്‍ അവരോടു സമയം ചോദിച്ചു, 'പത്താവാന്‍ പോകുന്നു', അവര് പറഞ്ഞു. 'വേദനയോടെ', ഞാന്‍ മനസ്സിലാക്കി, അവളെന്നെ വീണ്ടും പറ്റിച്ചു!

ഉച്ചക്ക്, കോളേജില്‍ വെച്ചുകണ്ടപ്പോള്‍, ആദ്യത്തെ പൊട്ടലിനും ചീറ്റലിനും ശേഷം, ഇതെങ്ങനെ അവളോപ്പിച്ചു, എന്ന് ഞാന്‍ ചോദിച്ചു. അന്ന് രാവിലെ ദൂര യാത്രയൊക്കെ ചെയ്തതുകൊണ്ട് ഏപ്രില്‍ ഒന്നനെന്നുള്ള കാര്യം അവള്‍ മറന്നു പോയിരുന്നു. ആരെയും പറ്റിക്കാനുള്ള ഒരു പ്ലാനും ഇല്ലയിരുന്ന്താനും! ഹോസ്റ്റലില്‍ വന്ന കേറിയപ്പോഴേ, ഞാനാണ് അവളെ പഴയ 'പറ്റിരു പരുപാടി' ഓര്‍മ്മിപ്പിച്ചത്. ഹൊസ്റ്റലിലെ അവസാന വര്‍ഷം ആയതുകൊണ്ട്, 'ചാന്‍സ് വിട്ടു കളയണ്ട', എന്ന് സുമിയും വിചാരിച്ചു! ഞാന്‍ കുളിക്കാന്‍ പോയപ്പോള്‍ , സുമി വീണ്ടും എന്റെ റൂമില്‍ വന്നു. സ്ഥിരം മേശപുറത്ത് കാണാറുള്ള ടൈംപീസ് അവിടെ കാണാത്തപ്പൊഴേ, സുമിക്ക് മനസ്സിലായി ഞാന്‍ എവിടെന്കിലും ഒളിപ്പിച്ചു വെച്ചതായിരിക്കും എന്ന്. അലമാരി പൂട്ടി താക്കോല്‍ അവിടെത്തന്നെ വെച്ചിരുന്നതുകൊണ്ട്, അവള്ക്ക് എളുപ്പമായി! പഴയപടി, അരമണിക്കൂര്‍ മുമ്പോട്ടക്കി വെച്ചു വാച്ചും ടൈംപീസും!

പ്രിയപ്പെട്ട ടീച്ചര്‍ക്കായ്

3.09.2009

"ദിവ്യേ , നീ അറിഞ്ഞോ, നമ്പൂതിരി മാഷ്‌ പോയി, സംസ്കൃതത്തിനു പുതിയ ടീച്ചറ് വന്നിട്ടുണ്ടെന്നു!",

ഒമ്പതാം ക്ലാസിലെ, ആദ്യത്തെ അസംബ്ലിക്കിടെ, ജിഷ എന്നോടു പറഞ്ഞു.

അറുപതു പേരുള്ള ക്ലാസ്സില്‍, ഞങ്ങള്‍ പതിനാല് കുട്ടികളാണ് 'ഫാസ്റ്റ് ലങ്ങ്വേജ്', ആയി സംസകൃതം പഠിച്ചിരുന്നത്. പത്ത് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും. മലയാളം/സംസ്കൃതം പിരീഡ് ആവുമ്പോള്‍, പുസ്തകമെടുത്ത്, ഞങ്ങള്‍ എല്ലാരും, ലൈബ്രറിയുടെ പുറത്തെ വരാന്തയുടെ ഒരറ്റത്തുള്ള സംസ്കൃതം ക്ലാസ്സിലെത്തും. മലയാളം പഠിക്കുന്ന കുട്ടികള്ക്ക് അവിടെത്തന്നെ ഇരിക്കാം, ടീച്ചര്‍ ക്ലാസ്സിലേക്ക് വന്നോളും.

പുതിയ ടീച്ചറെ പരിച്ചയപെടാനുള്ള ഉല്സാഹത്തൊടെ ആണ്, ആന്നു എല്ലാവരും ക്ലാസ്സില്‍ എത്തിയത്. കുട്ടികളെ എല്ലാം പരിചയപ്പെട്ടതിനു ശേഷം, ടീച്ചര്‍ സ്വയം പരിചയപ്പെടുത്തി, പേരു ആനി.

ടീച്ചര്‍ പറഞ്ഞു, ആദ്യത്തെ പാഠം കഴിഞ്ഞാല്‍ ഒരു യൂണിറ്റ് ടെസ്റ്റ് നടത്തും, പഠിപ്പിക്കുന്നത്‌ എല്ലാവര്ക്കും എത്രമാത്രം മനസ്സിലാവുന്നുണ്ട് എന്നറിയാന്‍. കുറച്ചു മാത്രം പഠിപ്പിച്ച്, പിന്നെ എല്ലാവരെയും കൊണ്ട് അത്രയും ഉറക്കെ വായിപ്പിച്ച്, ഓരോ വാക്കുകളുടെയും അര്‍ത്ഥം പറഞ്ഞു തന്ന്‍, രസകരമായി ടീച്ചര്‍ ക്ലാസ് എടുത്തു.

സ്കൂള്‍ രണ്ട് ഷിഫ്റ്റിലായാണ് പ്രവര്‍ത്തിച്ചിരുന്നതു. ഹൈസ്കൂളുകാര്‍ക്ക്, രാവിലെ മുതല്‍ ഉച്ചവരെയും, പ്രൈമറിക്കാര്‍ക്കു, ഉച്ച മുതല്‍ വൈകുന്നേരം വരെയുമാണ്, പഠിത്തം. ഉച്ചയ്ക്ക് വീട്ടിലെത്തി ഉണൊക്കെ കഴിഞ്ഞ്, മൂന്നു മണിക്ക് dd-4 ഇല്‍ 'ജ്വാലയായ്', മൂന്നരക്ക് dd-1 ഇല്‍ 'സ്വാഭിമാന്‍', 4 മണിക്ക് 'അല്ലാദിന്‍ (കാര്‍ട്ടൂണ്‍), നാലരക്ക്, ചായ-പലഹാരം, പിന്നെ സൈക്കിളില്‍ കറക്കം,... ഇതായിരുന്നു, അന്നത്തെയോക്കെയൊരു ടൈം ടേബിള്‍.

യുണിറ്റ് ടെസ്റ്റിന്റെ തലേ ദിവസമാണ് ബോധോദയം ഉണ്ടായതു!പിന്നെ തലേംകുത്തിനിന്നു പഠിച്ചു, ഇരുപതില്‍ ഇരുപതും വാങ്ങിച്ചവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ഓണപരീക്ഷ കഴിഞ്ഞപ്പോഴേക്കും, ടീച്ചറും ഞാനും വല്യ കൂട്ടായി.

യുവജനോത്സവം വന്നെത്തിയപ്പോള്‍, ആനി ടീച്ചര്‍ പറഞ്ഞു, സംസ്കൃതം പരീക്ഷക്ക്‌ വേണ്ടി പഠിച്ചാല്‍ മാത്രം പോര, സംസ്കൃതോല്സവത്ത്തിലും പങ്കെടുക്കണമെന്ന്. അങ്ങനെ ആണ്‍കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് ഒരു സംസ്കൃത നാടകം, പാടാന്‍ കഴിവുള്ളവര്‍ എല്ലാവരും ചേര്‍ന്ന് വന്ദേമാതരം ആലാപനം, പ്രസംഗം, അഷ്ടപദി, ചമ്പു പ്രഭാഷണം, ഉപന്യാസ രചന അങ്ങനെ പലതും, ടീച്ചര്‍ പ്ലാന്‍ ചെയ്തു. ഒന്നിനും ഒരു കുറവും വേണ്ട എന്ന് കരുതി, ഞാനും പേരു ചേര്‍ത്തു, പന്ത്രണ്ടോളം പരിപാടികള്ക്ക്.

പിന്നെ ഉള്ള ദിവസങ്ങളില്‍ ആകെ ഒരു മേളം ആയിരുന്നു. ഉച്ചയ്ക്കു സ്കൂള്‍ വിട്ട ശേഷം, എല്ലാവരും ഒരു ക്ലാസ്സില്‍ ഒത്തുകൂടി, ഒരു വശത്ത് നാടകം, മറുവശത്ത് വന്ദേ മാതരം, പദ്യം ചൊല്ലല്‍, സകല കലാപരുപാടികളും നിയന്ത്രിച്ചൂ, ടീച്ചറും കൂടെ ഉണ്ടാവും. വര്ഷം ആദ്യമായി, ഞങ്ങളുടെ സ്കൂളില്‍ സംസ്കൃതോല്സവം അരങ്ങേറി. പരിപാടിക്കു മെയിന്‍ സ്റ്റേജ് കിട്ടിയില്ല എങ്കിലും, സംസ്കൃതം കുട്ടികള്‍ യുവജനോത്സവത്തില്‍, തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

യുവജനോല്സവത്ത്തിന്റെ സമാപനവേദിയില്‍, സംസ്കൃതോല്സവം കലാതിലകവും പ്രതിഭയുമായി എന്റെയും അജിയുടെയും പേരു അനൌന്‍സ്ചെയ്തപ്പോള്‍, ടീച്ച്ചരുടെ മുഖത്ത് അഭിമാനത്തിളക്കം ആയിരുന്നു, ഞങ്ങള്ക്ക് അത്ഭുതവും!

സബ്ജില്ല യുവജനോത്സവത്തില്‍, തിലകം/പ്രതിഭ പട്ടങ്ങള്‍ പിന്നീട് സ്കുളിനെ തേടിയെത്തി. ജില്ല യുവജനോത്സവത്തില്‍, ആദ്യത്തെ ദിവസം, ഓഫ്-സ്റ്റേജ് പരിപാടികള്‍ ആയിരുന്നു. ഉപന്യാസ രചനക്ക് ചെന്നപ്പോള്‍ ഞെട്ടിപ്പോയി, കൂടെ മത്സരിക്കുന്നവരെല്ലാം, സംസ്കൃതാധ്യാപകരുടെ മക്കളാണ്, ചിലര്‍ സംസ്കൃതത്തില്‍ സംസാരിക്കുന്നു, അക്ഷരശ്ലോകം ചൊല്ലുന്നു. ഉപന്യാസ രചനക്ക് വിഷയം തന്നപോള്‍ "കേരളത്തിലെ വിനോദ സംചാര സാധ്യതകള്‍". വരാന്തയില്‍ നില്ക്കുന്ന ആനി ടീച്ചര്‍ എന്നെ ഉറ്റു നോക്കുന്നു. "സാധ്യത ഉണ്ടോ എന്ന് ചോദിച്ചാല്‍, ഉണ്ടായിരിക്കും, ഉണ്ടെന്നു വെച്ചു കാചിയെക്കാം", ഞാന്‍ മനസ്സില്‍ കരുതി. പിന്നെ മുറി സംസ്കൃതത്തില്‍ മനസ്സില്‍ തോന്നിയതെല്ലാം എഴുതി. സംസ്കൃതം വാക്ക് അറിഞ്ഞൂടാതതവക്കെല്ലാം, മലയാളത്തിന്റ്റെ കൂടെ ഒരു '' യും വെച്ചു സംസ്കൃതീകരിച്ചു. ഹാളില്‍നിന്നു പുറത്തിറങ്ങിയ എന്നെ കാത്തു ടീച്ചര്‍ നില്‍പ്പുണ്ടായിരുന്നു. "നമ്മളുടെ കഴിവനുസരിച്ച് ചെയ്യുക, പിന്നെ എല്ലാം ദൈവത്തിന്റെ കയ്യിലല്ലേ!", ടീച്ചര്‍ എന്നെ ആശ്വസിപ്പിച്ചൂ.

അടുത്ത ദിവസം സ്കോര്‍ ബോര്‍ഡില്‍, എന്റെ പേരില്‍ ഒരു രണ്ടാം സ്ഥാനം, അത്ഭുതം. പക്ഷെ അന്ന് പന്കെടുക്കുനത്, സംസകൃതം പ്രസംഗമത്സരത്തില്‍ ആണ്. ടീച്ചര്‍ക്ക് ഏറ്റവും താല്‍പര്യവും, പ്രതീക്ഷയും ഉള്ള ഇനം.


പന്കെടുക്കുന്നവരെല്ലാം സ്ടെജിനുപുറകില്‍ എത്താന്‍ അനൌന്‍സ്മെന്റ് വന്നു. ചെന്നപ്പോള്‍, പെണ്‍കുട്ടികളുടെ ഒരു കൂട്ടം തന്നെയുണ്ട്. എല്ലാവരുടെയും ടെന്‍ഷന്‍ നിറഞ്ഞ മുഖഭാവം കണ്ടപ്പോള്‍, അതുവരെ 'നല്ലതോതില്‍' ടെന്‍ഷന്‍ അടിചോണ്ടിരുന്ന എന്റെ കൈകാലുകള്‍ തണുത്തു മരവിച്ചു, ആകെ വിയര്തോഴുകി. ലോട്ട് എടുത്തു, തുറന്നു നോക്കിയപ്പോള്‍ '1' . അങ്ങനെ കൂടുതല്‍ നേരം ടെന്‍ഷന്‍ അടിക്കാതെ പ്രസംഗിക്കാന്‍ കയറി. എത്ര തുടച്ചിട്ടും, നെറ്റിയിലൂടെ വിയര്‍്പു തുള്ളികള്‍ അരിച്ചിറങ്ങി.


ടെന്‍ഷന്‍ കൂടി കൂടി, തൊണ്ട വറ്റി, മൈക്കിനു മുന്പില്‍ നില്കുക്കയാണ്, പക്ഷെ ശബ്ദം വരുന്നില്ല! ആനി ടീച്ചറും, സ്കൂളില്‍ നിന്നുള്ള മറ്റു ടീച്ചര്‍മാരും കുട്ടികളുമെല്ലാം, പ്രസംഗം തുടങ്ങാന്‍, ആഗ്യം കാണിക്കുന്നുണ്ട്. ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ തുടങ്ങി,

" നമ: സദസ്സേ. അഹം ദേശീയൊത്ഗ്രത്ഥനം ഇതി വിഷയം അധികൃത്യ കിന്ചിത് വക്തും ഇച്ചാമി. ദേശീയൊത്ഗ്രത്ഥനം നാമ കിം?..."

കടന്നു പോവുന്ന ഓരോ നിമിഷങ്ങളും എനിക്ക് കൂടുതല്‍ ആത്മ വിശ്വാസം നല്കി.


മല്‍സരഫലം പ്രഖ്യപിക്കാറായപ്പോഴേക്കും , ശുഭ ടീച്ചര്‍ , സ്കൂളിലെ യുവജനോല്‍സവം കണ്വീനര്‍ , മറ്റു മല്‍സരങ്ങളില്‍ പന്കെടുത്ത കുട്ടികളുമായി, എത്തി. ഫലം പ്രഖ്യാപിച്ചപ്പോള്‍, ശുഭ ടീച്ചര്‍ എല്ലാവരോടുമായി പറഞ്ഞു " നമ്മുടെ സ്കൂള്‍ ആദ്യമായി സംസ്ഥാന യുവജനോല്‍സവത്തില്‍ പന്കെടുക്കും".ആനി ടീച്ചറുടെ കണ്ണുകളില്‍ അഭിമാനം കൊണ്ടു നിറഞ്ഞൊരു നക്ഷത്ര തിളക്കം. വന്ദേമാതരം ആലാപനത്തിനും ഒന്നാം സ്ഥാനം നേടിയതോടെ, ആ വര്ഷം, ഞങ്ങളുടെ സ്കൂള്‍ രണ്ടിനങ്ങള്‍ക്ക്, സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുത്തു.

സംസ്ഥാന യുവജനോത്സവത്തില്‍ ഗ്രേഡ് മാത്രമെ നേടാന്‍ പറ്റിയുള്ളൂ എങ്കിലും, സ്കൂളിനു അതൊരു പുത്തനുണര്‍വേകി. സംസ്കൃതം പഠിക്കുന്ന കുട്ടികളെപ്പറ്റി ഒരു പ്രത്യേക മതിപ്പുണ്ടായി. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ കുട്ടികള്‍ സംസ്കൃതം ഫസ്റ്റ് ലാങ്ങ്വേജ് ആയി തെരഞ്ഞെടുക്കാനും തുടങ്ങി.

വര്‍ഷങ്ങള്‍ക്കു ശേഷം, ഇപ്പോള്‍ ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍, ഷോകേസിലിരിക്കുന്ന സര്ട്ടിഫിക്കറ്റുകളും ട്രോഫികളേക്കാളും, ആനി ടീച്ചര്‍ ആന്നു പകര്‍ന്നുതന്ന ആത്മ വിശ്വാസമാണ്, ജീവിതത്തിലെ വലിയ മുതല്‍കൂട്ട് എന്ന് ഞാന്‍ തിരിച്ചറിയുന്നു.

**ഈ പോസ്റ്റ് പ്രിയപ്പെട്ട ആനി ടീച്ചര്ക്കായ്.
 
നിലാവ് © 2008. Template by BloggerBuster.